മനാമ: സീഫ് പ്രോപ്പർട്ടീസിന്റെ പുതിയ അൽ ലിവാൻ സിനിമ ടൂറിസം മന്ത്രി ഫാതിമ ബിൻ ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് സ്വകാര്യമേഖലയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇത് വഴി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ഉദ്ഘാടനചടങ്ങിൽ വ്യക്തമാക്കി.
സീഫ് പ്രോപ്പർട്ടീസിനു കീഴിലുള്ള ലിവാൻ സിനിമ വിനോദമേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നാൻ ഉദ്ദേശിക്കുന്നതായി കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 1000 പേർക്ക് ഇരിക്കാൻ കഴിവുള്ള ഏഴ് മൾട്ടിപ്ലക്സ് സ്ക്രീനുകളാണ് ലിവാൻ സിനിമയിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും ആഡംബര സൗകര്യങ്ങളും ഒരുക്കിയാണ് ഹമാലയിൽ സ്ഥിതി ചെയ്യുന്ന അൽ ലിവാൻ സിനിമ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നത്.
സുഖപ്രദമായ ഇരിപ്പിടങ്ങളും ഉയർന്ന നിലവാരമുള്ള ശബ്ദ, പ്രൊജക്ഷൻ സംവിധാനങ്ങളുമുള്ള അതിശയകരമായ സ്ക്രീനുകൾ ഇവിടെയുണ്ട്. ഇത് എല്ലാ പ്രായത്തിലുമുള്ള സിനിമാ പ്രേമികൾക്കും ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ അനുഭവം നൽകുന്നു.