തിരുവനന്തപുരം: പരിശോധനയുടെ പേരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു. ചില ഹോട്ടലുകളിൽ കുഴപ്പം കണ്ടെത്തിയാൽ കേരളത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന ഹോട്ടലുകളിലും സമാനാന്തരീക്ഷമാണെന്ന് പ്രചരിപ്പിക്കപ്പെടുന്നു. എന്നാൽ എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് വൃത്തിഹീനമായ് പ്രവർത്തിക്കുന്ന തട്ടുകടകളെ ഇതേ ഉദ്യോഗസ്ഥർ തന്നെ കണ്ടില്ലെന്നും നടിക്കുന്നു. ഹോട്ടലുകളിൽ നിന്നും പിടിച്ചെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാണ് ടെസ്റ്റിംഗ് ലാബുകളിൽ എത്തുന്നത്. അപ്പോഴേക്കും അത് കേടായിട്ടുണ്ടാകും.
വൃത്തിയായി നടത്തുന്ന ഹോട്ടലുകളിലാണെങ്കിലും ഉദ്യോഗസ്ഥർ റെയിഡിന്റെ പേരിൽ കയറിയാൽ പിടിച്ചെടുക്കുന്ന ഭക്ഷണ സാധനങ്ങൾ ടെസ്റ്റിംഗിനായുള്ള ലാബിലേക്ക് അയക്കുവാൻ വൈകിപ്പിച്ച് സ്ഥാപനത്തേയും ഉടമയേയും സമൂഹമദ്ധ്യത്തിൽ മോശപ്പെടുത്തുവാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് റെയിഡിന്റെ പേരിൽ കൂടുതലായും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അഴിമതിക്കുള്ള വഴി വീണ്ടും തുറക്കാനുള്ള ഉദ്യോഗസ്ഥ തന്ത്രമാണ്. മായം ചേർത്തും, വൃത്തിഹീനമായതുമായ ഭക്ഷണം വിളമ്പുന്നവരെ സംഘടന സംരക്ഷിക്കില്ല. എന്നാൽ ബോധപൂർവ്വമുള്ള ഉദ്യോഗസ്ഥ പീഢനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
