ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 50 പേർ മരിച്ചതായാണ് വിവരം. 179-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊൽക്കത്ത, ഷാലിമാറിൽ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 7.20ഓടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.
അതേസമയം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റിയ കോറോമാണ്ടൽ എക്സ്പ്രസിന്റെ ബോഗികളിലേയ്ക്ക് മറ്റൊരു പാസഞ്ചർ ട്രെയിൻ ഇടിച്ചു കയറി. യശ്വന്ത്പൂർ-ഹൗറ ട്രെയിനാണ് അപകടത്തിൽപെട്ടത്. കോറോമാണ്ടൽ എക്സ്പ്രസിലേയ്ക്ക് ഇടിച്ചുകയറിയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസിന്റെ നാലോളം ബോഗികൾ പാലം തെറ്റിയതായാണ് വിവരം.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അനുശോചനം അറിയിച്ചു. അപകടസ്ഥലം നാളെ രാവിലെ തന്നെ സന്ദർശിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.