കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കർ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്ടേഴ്സ് ക്ലിനിക്കിൽ ഏപ്രിൽ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകർന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കിൽ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.