വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഉത്തർപ്രദേശിലെ അഭിഭാഷകൻ ഗ്യാൻ പ്രകാശ് ശുക്ല. കോൺഗ്രസ്സ് നേതാക്കളായ മൻമോഹൻ സിങ്ങിനേയും രാഹുൽ ഗാന്ധിയേയും പുസ്തകത്തിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒബാമയ്ക്കെതിരെ ഹർജി നൽകിയത്. ഒബാമയുടെ ദ പ്രോമിസിഡ് ലാൻഡ് എന്ന പുസ്തകത്തിലൂടെ നേതാക്കളെ അപമാനിച്ചുവെന്നും ഇതിലൂടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ഡിസംബർ ഒന്നിന് വാദം കേൾക്കും. മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് ഒബാമ പറഞ്ഞത് അപമാനകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിഭാഷകൻ തന്റെ ഹർജിയിൽ ആരോപിച്ചു. ഓൾ ഇന്ത്യ റൂറൽ ബാർ അസോസിയേന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് ശുക്ല. ലാൽഗഞ്ച് സിവിൽ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
പുസ്തകത്തിനെതിരെ കോൺഗ്രസ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഭാവിയിൽ രാഹുൽ ഗാന്ധിക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുള്ളതിനാലാണ് സോണിയ ഗാന്ധി മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി പദം വച്ചുനീട്ടിയെന്ന ഒബാമയുടെ പരാമർശമാണ് വിവാദമായത്. ദേശീയ രാഷ്ട്രീയത്തിൽ ഒരു അടിത്തറയുമില്ലാത്ത മുതിർന്ന ഒരു സിഖുകാരൻ ഒരിക്കലും തൻെറ മകൻ രാഹുലിന് ഭീഷണിയാവില്ലെന്ന് സോണിയ ഗാന്ധി വിലയിരുത്തിയതായും പുസ്തകത്തിൽ ഒബാമ പറഞ്ഞിരുന്നു.