
മനാമ: ബഹ്റൈനിൽ പരിശീലന ആവശ്യങ്ങൾക്കായി മൾട്ടി-എൻട്രി ഇ-വിസ അവതരിപ്പിക്കാൻ തീരുമാനിച്ചതായി നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. ആറ് മാസമായിരിക്കും വിസയുടെ കാലാവധി. പരിശീലന വിസ എടുക്കുന്നവർക്ക് ആറ് മാസം ബഹ്റൈനിൽ താമസിക്കാൻ കഴിയും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ആരംഭിച്ച എൻപിആർഎ സേവനങ്ങളും സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള 24 സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ വിസ സംവിധാനം നടപ്പാക്കുന്നത്.
ട്രെയിനിങ് വിസ എടുത്തവർക്ക് വേണമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ പറഞ്ഞു. താൽപര്യമുള്ളവർക്ക് www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയും. 60 ദീനാറാണ് വിസയുടെ ഫീസ്. സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലകർക്കും പരിശീലനത്തിനും വിസ ലഭിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്ന് പരിശീലനം സംബന്ധിച്ച കത്തും ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വെബ്സൈറ്റിൽ മറ്റ് ആവശ്യമായ വിവരങ്ങളും പൂരിപ്പിക്കണം.