കഴിഞ്ഞ ദിവസം മധ്യ പ്രദേശില്‍ വച്ച് പ്രധാനമന്ത്രി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വൈകാതെ നടപ്പാക്കുമെന്ന സൂചന നല്‍കിയതോടെ എങ്ങും UCC സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്.
നിരവധി ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍, മത നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതിനോടകം തങ്ങളുടെ പ്രതികരണം വെളിപ്പെടുത്തിക്കഴിഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ മേഘാലയ സഖ്യകക്ഷി ഏകീകൃത സിവില്‍ കോഡിനെ അപലപിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് അനുയോജ്യമല്ലെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ ആശയത്തിന് ഇത് വിരുദ്ധമാണെന്നും മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അദ്ധ്യക്ഷനുമായ കോണ്‍റാഡ് കെ. സാംഗ്മ പറഞ്ഞു.
“ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് അനുയോജ്യമല്ല, നാനാത്വത്തില്‍ ഏകത്വമുള്ള വൈവിധ്യമാര്‍ന്ന രാഷ്ട്രമായ ഇന്ത്യ എന്ന യഥാര്‍ത്ഥ ആശയത്തിന് ഇത് വിരുദ്ധമാണ്. എൻപിപി പ്രകാരം ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ യഥാര്‍ത്ഥ മനോഭാവത്തിന് എതിരാണ്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും പാരമ്ബര്യങ്ങളും ജീവിതരീതികളും മതങ്ങളുമാണ് രാജ്യത്തിന്റെ ശക്തി, താന്‍ സംസാരിക്കുന്നത് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ നിന്നാണ്”, സാംഗ്മ പറഞ്ഞു.
“മേഘാലയ ഒരു മാതൃസമൂഹമാണ്, അതാണ് ഞങ്ങളുടെ ശക്തി. കാലങ്ങളായി നമ്മള് പിന്തുടരുന്ന സംസ്കാരവും മറ്റ് വശങ്ങളും മാറ്റാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍, വടക്കുകിഴക്കൻ മേഖലയ്ക്കാകെ തനതായ ഒരു സംസ്കാരം ലഭിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. നമ്മുടെ പാരമ്ബര്യവും സംസ്കാരവും സ്പര്‍ശിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടില്ല,” സാംഗ്മ വെളിപ്പെടുത്തി.
ഇതാദ്യമായാണ് കേന്ദ്രം ഭരിയ്ക്കുന്ന NDA യുടെ സഖ്യ കക്ഷിയായ ഒരു പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതികരിയ്ക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയൻസ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ സഖ്യകക്ഷിയായ എൻപിപിയാണ് ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലയൻസിനെ നയിക്കുന്നത്. വെറും രണ്ട് എംഎല്‍എമാരുള്ള ബിജെപി എംഡിഎ സര്‍ക്കാരില്‍ പങ്കാളിയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ പാര്‍ട്ടിയാണ് എൻപിപി. മേഘാലയ കൂടാതെ മണിപ്പൂര്‍, നാഗാലാൻഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ എൻപിപിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ട്, ഈ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ശക്തമായ നിലയില്‍ എംഎല്‍എമാരുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാൻ ഊന്നല്‍ നല്‍കിയതോടെ പേഴ്സണല്‍, പബ്ലിക് ഗ്രീവൻസ്, നിയമം, നീതി എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി എല്ലാ വിഭാഗക്കാരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് പറഞ്ഞു.
തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തില്‍ യു.സി.സിയെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ് പരിഗണിക്കുമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സുശീല്‍ മോദിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അറിയിച്ചു.