ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
എൻ.ടി രാമറാവു, കൃഷ്ണ, അക്കിനേനി നാഗാർജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അർജുൻ, പ്രഭാസ് എന്നിവർക്കൊപ്പം ചലപതി റാവു വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. യമഗോള, യുഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബൽ, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ തുടങ്ങിയവ അദ്ദേഹം വേഷമിട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു.
നാഗചൈതന്യയും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബംഗാർ രാജുവാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 2020 ൽ ചതരംഗം എന്ന തെലുങ്ക് വെബ് സീരീസിലും അഭിനയിച്ചു. തെലുങ്ക് നടനും സംവിധായകനും നിർമ്മാതാവുമായ രവി ബാബു മകനാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.