കൊച്ചി: കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്ന സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. രോഗം ബാധിച്ച സമയത്തേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കൊവിഡ് നെഗറ്റീവായതിനു ശേഷമാണെന്നും ഒരു മാസത്തെ തുടർ ചികിത്സ സൗജന്യമായി നൽകിക്കൂടേയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ പുന:പരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോവിഡാനന്തര ചികിത്സയ്ക്ക് എ. പി. എൽ വിഭാഗത്തിൽ നിന്നും പണം ഈടാക്കുന്ന സർക്കാർ നടപടിയിൽ ഹൈക്കോടതി ഇടപെട്ടത്.
കോവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരിൽ നിന്നും ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും, കൊറോണ നെഗറ്റീവായതിനു ശേഷമുള്ള ഒരു മാസത്തെ തുടർ ചികിത്സയെങ്കിലും സൗജന്യമാക്കിക്കൂടെയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ചോദിച്ചു.
27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുകയാണെങ്കിൽ പിന്നീട് ഇയാൾ ഭക്ഷണം കഴിക്കാനായി എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കൊറോണ ബാധിച്ച സമയത്തേക്കാൾ രോഗം ഭേദമായതിനു ശേഷമാകും ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുക. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നുണ്ട്. സമാന പരിഗണന കൊറോണാനന്തര ചികില്‍സയ്ക്കും ലഭിക്കേണ്ടതല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.