
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറൻറ്. ബെംഗളൂരു രാമനഗര സെഷൻസ് കോടതിയാണ് വാറൻറ് ഇറക്കിയത്. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് വാറന്റ്.
നിത്യാനന്ദയുടെ മുൻ ഡ്രൈവറായിരുന്ന ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. ഒട്ടേറെ സമൻസുകൾ നിത്യാനന്ദയ്ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ്. നേരത്തെയും വാറൻറ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും നിത്യാന്ദ കോടതിയിൽ ഹാജരായില്ല. നിത്യാനന്ദ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞില്ല.
പ്രതി നിത്യാനന്ദയുടെ അഭാവത്തിൽ വിചാരണ മൂന്ന് വർഷമായി സ്തംഭിച്ചിരിക്കുകയാണ്. 2018 മുതൽ വിചാരണയിൽ നിന്നു വിട്ടു നിന്നതോടെ 2020ൽ കോടതി ജാമ്യം റദ്ദാക്കി. കേസിൽ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിട്ടിരുന്നു. കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു.
