ന്യൂയോർക്: നൊബേൽ പുരസ്കാര ജേതാവും പാകിസ്ഥാൻ സാമൂഹ്യ പ്രവർത്തകയുമായ മലാല യൂസഫ് സായി(24)വിവാഹിതയായി. ബർമിംഗ്ഹാമിലെ വീട്ടിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിക്കാഹ് നടന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തുന്ന മലാല ട്വിറ്ററിലൂടെയാണ് തന്റെ വിവാഹക്കാര്യം ലോകത്തെ അറിയിച്ചത്.
എന്റെ ജീവിതത്തിലെ സുപ്രധാന ദിവസമാണ് ഇന്ന്. അസറും താനും ജീവിതത്തിൽ പങ്കാളികളാകാൻ പോകുന്നു. നിങ്ങളുടെ പ്രാർഥനകൾ ഒപ്പം വേണം.’ മലാല ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാനിൽ വച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയർത്തിയതിനെ തുടർന്ന് താലിബാൻ മലാലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 2012ൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂൾ ബസിൽ പോകുമ്പോഴായിരുന്നു താലിബാൻ ആക്രമണം നടത്തിയത്. തുടർന്ന് ചികിത്സക്കായി ഇംഗ്ലണ്ടിലെ ബിർമിൻഹാമിലെത്തിയ മലാലക്കൊപ്പം കുടുംബവും എത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലാല ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.