തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും ആയി കേസുകള്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ നാലാം ആഴ്ചയില്‍ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയില്‍ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകള്‍ കൂടുന്നില്ല. 42.47 ശതമാനം കോവിഡ്, നോണ്‍ കോവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോണ്‍കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹ്രസ്വകാല യാത്രക്കാര്‍ക്ക് ക്വാറന്റൈന് ഇളവ്
ഏഴ് ദിവസത്തില്‍ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല. അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അവര്‍ക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അവര്‍ ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.
