ന്യൂഡൽഹി: ഇനി മുതൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് അധികൃതരുടെ മുൻകൂർ അനുമതി ആവശ്യമില്ല. കേബിളുകൾ വലിക്കുന്നതിനും മൊബൈൽ ടവറുകൾ സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇലക്ട്രിക് പോസ്റ്റുകളിലും മേൽപ്പാലങ്ങളിലും ചെറിയ മൊബൈൽ ആന്റിനകൾ സ്ഥാപിക്കാനും അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് 5ജി സേവനങ്ങൾ യാതൊരു പ്രശ്നങ്ങളുമില്ലാതെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലൈസൻസ് ഉൾപ്പെടെയുള്ള അനുമതി ആവശ്യമില്ലെന്ന് ഓഗസ്റ്റ് 17ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, മൊബൈൽ ടവർ സ്ഥാപിക്കുന്ന വിവരം കത്തിലൂടെ അധികൃതരെ അറിയിക്കാനും നിർദേശമുണ്ട്.
ഇതിൽ ടവർ സ്ഥാപിക്കുന്ന കെട്ടിടം അല്ലെങ്കിൽ സ്ഥലം എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങൾ രേഖപ്പെടുത്തണം. ഇതിന്റെ ഒരു പകർപ്പ് എൻജിനീയർക്കും അയക്കണം. തെരുവുകളിലെ തൂണുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കുമ്പോൾ, നഗരപ്രദേശങ്ങളിൽ പ്രതിവർഷം 300 രൂപയും ഗ്രാമപ്രദേശങ്ങളിൽ 150 രൂപയും വാടക നൽകണം.