
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടൻ മുകേഷ് കൊല്ലം എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ ചരിത്രത്തിൽ ആദ്യമായി കമ്മിറ്റിയെ നിയോഗിച്ച സർക്കാരാണിത്. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഒരു അന്വേഷണ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചു. സി.പി.എമ്മിന്റേത് സ്ത്രീപക്ഷ നിലപാടാണ്.
മുകേഷ് ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, മുമ്പ് ഇത്തരത്തിൽ കേസെടുത്ത കോൺഗ്രസ് എം.എൽ.എമാർ എന്തു ചെയ്തെന്ന് അദ്ദേഹം മറുചോദ്യമുന്നയിച്ചു. എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുകേഷിന്റെ രാജി എന്ന ആവശ്യത്തെ ജയരാജൻ തള്ളിയത്. കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് ന്യായമല്ല.

സിനിമാരംഗത്തെ സംശുദ്ധമാക്കണം എന്നതു തന്നെയാണ് എൽ.ഡി.എഫിന്റെ തീരുമാനം. അതിന് മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മാധ്യമങ്ങൾ സർക്കാർ നടപടിയെ പ്രശംസിക്കുകയാണ് വേണ്ടത്. മുകേഷിന്റെ രാജി സി.പി.ഐ. ആവശ്യപ്പെട്ടല്ലോ എന്ന ചോദ്യത്തിന്, അത് സി.പി.ഐയോട് ചോദിക്കണമെന്നായിരുന്നു മറുപടി.
കേസെടുത്തതിനു പിന്നാലെ മുകേഷിനെ കാണാനില്ലെന്നാണ് ആരോപണമെന്ന ചോദ്യത്തിന്, അക്കാര്യം മുകേഷിനോട് ചോദിക്കണമെന്നും ഇവർ എവിടെയൊക്കെ പോകുന്നു എന്നത് നോക്കുകയല്ല തന്റെ ജോലിയെന്നും ജയരാജൻ പറഞ്ഞു. തെറ്റ് ചെയ്ത ആളെ സി.പി.എം. സംരക്ഷിക്കില്ല. ഇരയെ രക്ഷിക്കാനല്ല, വേട്ടക്കാരനൊപ്പം നിൽക്കാനാണ് മാധ്യമങ്ങള് ശ്രമിക്കുന്നതന്നും ജയരാജൻ പറഞ്ഞു.
