കൊച്ചി: ആരെയും വഞ്ചിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ. ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും അറസ്റ്റിന് ശേഷം പ്രവീൺ റാണ പറഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ റാണയിലേക്ക് എത്തിച്ചത്. ഏഴാം തീയതി കൊച്ചിയിൽ നിന്ന് രക്ഷപ്പെട്ട റാണയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു.
നിക്ഷേപകർക്കിടയിലെ ആഢംബരത്തിന്റെ അവസാന വാക്കായിരുന്നു പ്രവീൺ റാണ. കേസുകൾ മുറുകുകയാണെന്ന് വ്യക്തമായതോടെ റാണ ആദ്യം കൊച്ചിയിലേക്ക് പ്രവേശിച്ചു. സുഹൃത്തിന്റെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ പൊലീസ് എത്തിയെങ്കിലും റാണ രക്ഷപ്പെട്ടു. നേരെ അങ്കമാലിയിലെത്തി സുഹൃത്തുക്കളുടെ സഹായം തേടി. ആരും സഹായിക്കാത്തതിനെ തുടർന്ന് ബന്ധുവായ പ്രതീഷിനെയും സഹായി നവാസിനെയും വിളിച്ചുവരുത്തി. പിന്നീട് പ്രതീഷിന്റെ കാറിൽ മൂന്ന് അനുയായികൾക്കൊപ്പം റാണ കോയമ്പത്തൂരിലേക്ക് പോയി.
പണമില്ലാത്തതിനാൽ കോയമ്പത്തൂരിൽ 75,000 രൂപയ്ക്ക് വിവാഹ മോതിരം വിറ്റു. പിന്നീട് പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിലെ ഒളിത്താവളത്തിൽ എത്തി. അവിടെ ഒരു അതിഥിത്തൊഴിലാളിയോടൊപ്പം ഷെഡിൽ താമസിക്കുകയായിരുന്നു. ആരും സംശയിക്കാതിരിക്കാൻ റാണ കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലേക്ക് മാറിയിരുന്നു.