ബെംഗളൂരു: അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും അവയെല്ലാം വരും ദിവസങ്ങളിൽ അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്നും മദ്രസകൾക്ക് പകരം കോളേജുകളും സർവകലാശാലകളും നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കർണാടകയിൽ നടന്ന ശിവചരിത റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശർമ്മ ബെംഗളൂരുവിലെത്തിയത്.
കോൺഗ്രസുകാർ ബാബറി മസ്ജിദിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെ കുറിച്ചല്ല. കോൺഗ്രസുകാർ നവയുഗ മുഗളൻമാരാണ്. ജനങ്ങൾ അവരെ ഒരു പാഠം പഠിപ്പിക്കണം. കോൺഗ്രസിനെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയണം. രാജ്യം ഔറംഗസേബിനെപ്പോലുള്ള മുഗൾ ഭരണാധികാരികളുടെ കൈകളിലായിരുന്നുവെന്ന് കോൺഗ്രസ് പറയുന്നു. എന്നാൽ ശിവാജി മഹാരാജ് ഔറംഗസേബിനേക്കാൾ പത്തിരട്ടി ശക്തനാണെന്ന് എന്തുകൊണ്ട് പറയുന്നില്ല. ഇതിലൂടെ ചരിത്രകാരൻമാരെ അപമാനിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.