റിയാദ് : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി സൗദി അറേബ്യ. ഇതനുസരിച്ച് കൊവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് പൊതു ഇടങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. അതേസമയം, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ തുടരും. തവക്കൽനാ ആപ്പ് വഴിയുള്ള ഇമ്മ്യൂണിറ്റി പരിശോധനയും അതോടൊപ്പം മുൻകൂട്ടി പെർമിറ്റ് വാങ്ങണമെന്ന വ്യവസ്ഥയിലും മാറ്റമില്ല.പൊതു ഇടങ്ങുകളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ഒവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുഗതാഗത സംവിധാനങ്ങൾ, റെസ്റ്റോറന്റുകൾ , സിനിമാ തിയറ്ററുകൾ എന്നിവ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശനം ശേഷിയുടെ നിശ്ചിത ശതമാനം മാത്രമേ പാടുള്ളൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവിടുങ്ങളിലും വാക്സിനെടുത്തവർക്കാണ് ഇളവുകൾ നല്കുക. പങ്കെടുക്കുന്നവർ വാക്സിൻ എടുത്തവരാണെന്ന കാര്യം തവക്കൽനാ ആപ്പ് വഴി ബന്ധപ്പെട്ട സ്ഥാപനങ്ങളും ചടങ്ങുകളുടെ സംഘാടകരും ഉറപ്പുവരുത്തണം. എന്നാൽ വാക്സിൻ ഇതുവരെ നൽകിത്തുടങ്ങിയില്ലാത്ത കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ നിയമപരമായി വാക്സിൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവർക്കും ഇളവുകൾ ലഭിക്കും.
