തിരുവനന്തപുരം: കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ 158 പേരുണ്ട്.
ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലാണ്. ഇവരുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി അറിയിച്ചു. നിലവിൽ രോഗലക്ഷണമുള്ള രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിതനായ കുട്ടിയെത്തിയ സ്വകാര്യ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ജീവനക്കാരാണ് ഇവർ.
പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 20 പേരെയും ഇന്ന് വൈകുന്നേരം മെഡിക്കൽ കോളേജിലെ പ്രത്യേക നിപ വാർഡിൽ പ്രവേശിപ്പിക്കും. കുട്ടിയുടെ വീടിന്റെ മൂന്ന് കിലോ മീറ്റർ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണാക്കും. പനി ബാധിച്ച കുട്ടിയുമായി മാതാപിതാക്കൾ മൂന്ന് ആശുപത്രികളിൽ പോയിരുന്നു. അവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കാണ് ഏറ്റവും കൂടുതൽ രോഗ സാധ്യതയുള്ളത്. ഇവരോടും ഐസലേഷനിൽ പോകാൻ നിർദേശം നൽകി. സമ്പർക്കപ്പട്ടികയിൽ ഉള്ള മുഴുവൻ പേരെയും കണ്ടെത്തും. കേന്ദ്ര സംഘത്തിലെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
