മലപ്പുറം: പോത്തുകല്ലിൽ അമ്മയേയും മൂന്ന് മക്കളേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഭർത്താവ് വിനീഷിനെയാണ് റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
വിനീഷിന്റെ ഭാര്യ രഹ്ന(34), മക്കളായ ആദിത്യൻ(13), അർജുൻ(11), അനന്തു(7) എന്നിവരെയാണ് ശനിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ജീവനൊടുക്കിയതിൽ വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കുടുംബ പ്രശ്നങ്ങളുടെ കാരണമെന്ന് മരിച്ച രഹ്നയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ട്. ഭാര്യയും മൂന്ന് മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോൾ വിനീഷും ജീവനൊടുക്കിയത്. വീടിന് പിന്നിലുള്ള റബ്ബർ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ വിനേഷിനെ കാണാനില്ലായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.