കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനു കുരുക്കായത്, ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നു സൂചന. ഷാജഹാൻ എന്നു പേരുമാറ്റി 13 വർഷത്തോളം അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ചു നടന്ന സവാദ്, ഒടുവിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പേരു ചേർത്തതാണു വിനയായത്. സവാദിന്റെ ഒളിവുജീവിതത്തെക്കുറിച്ചു സൂചന ലഭിച്ച എൻഐഎ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് ഷാജഹാൻ യഥാർഥത്തിൽ സവാദ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.
സവാദ് കണ്ണൂരിലുണ്ടെന്ന സൂചന എൻഐഎയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും പിടിക്കപ്പെടാതെ പോകാൻ കാരണമായത് നാട്ടിലെല്ലാം അറിയപ്പെട്ടിരുന്ന ഷാജഹാൻ എന്ന പേരായിരുന്നു. ഇതിനിടെയാണ് മട്ടന്നൂരിനു സമീപം ബേരത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. ഈ പ്രദേശത്തു നടത്തിയ പ്രാഥമികാന്വേഷണത്തിലും സവാദ് എന്നൊരാൾ ഇല്ലെന്ന് വ്യക്തമായി. ഇതിനിടെ ഉണ്ടായ സംശയങ്ങളുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പരിശോധിച്ചാണ്, ഷാജഹാനെന്ന പേരിൽ കഴിയുന്നത് കുപ്രസിദ്ധമായ കൈവെട്ടു കേസിലെ പ്രതി സവാദാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.