തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ, അംഗൻവാടി, ആശ, ഉച്ചഭക്ഷണ വിതരണ തൊഴിലാളികൾ തുടങ്ങിയ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും അഞ്ച് വർഷം പൂർത്തിയാക്കിയ സ്കീം വർക്കർമാരെ ദേശീയാടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി കൈക്കൊള്ളണമെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻറും ദേശീയ ഉപാധ്യക്ഷനുമായ ആർ.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു .സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സ്കീം വർക്കർമാരുടെ പ്രതിഷേധ സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് രാജ്ഭവനുമുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപന ദുരന്ത കാലത്ത് ജീവൻ പണയം വച്ച് രാപകലില്ലാതെ പണിയെടുത്തത് സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുമടങ്ങുന്നവരാണ്. രാജ്യത്ത് ഏറ്റവും ചെറിയ വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന, ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ വിഷയത്തിൽ ഗവൺമെൻറ് വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ ഇക്കാര്യത്തിൽ പ്രത്യേക പദ്ധതിക്ക് രൂപം നൽകണമെന്നും സ്കീം വർക്കർമാർക്ക് സമഗ്രമായ പെൻഷൻ പദ്ധതി ആവിഷ്കരിക്കണമെന്നും പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
യോഗത്തിൽ സജി കുമാരി (സിഐടിയു) അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ കവിത, സുമറാണി, എസ്.എസ്.സജികുമാരി, ജെ.സതികുമാരി,നേതാക്കളായ വി.ആർ.പ്രതാപൻ, തമ്പി കണ്ണാടൻ, വി.ഭുവനേന്ദ്രൻ, പുല്ലുവിള സ്റ്റാൻലി,ഹരി നാലാഞ്ചിറ, പി.എസ്സ്.നായിഡു, വെള്ളനാട് ശ്രീകണ്ഠൻ, രാജലക്ഷ്മി, കോമളം തുടങ്ങിയവർ പ്രസംഗിച്ചു.