തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഭർത്താവ് രാജൻ മരിച്ചത്. രഞ്ജിത്തും, രാഹുലുമാണ് ഇവരുടെ മക്കൾ.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന് ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. രാജന് 75 ശതമാനം പൊള്ളലേറ്റിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പൊലീസ് പിന്മാറാനായിരുന്നു താൻ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജൻ പ്രതികരിച്ചിരുന്നു.