തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി തടസപ്പെടുത്തിയതിനും കൊവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത രാജനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ മൃതദേഹം നെയ്യാറ്റിൻകരയില്‍ എത്തിച്ചപ്പോഴാണ് വീടിന് സമീപത്തുളള റോഡിൽ കുട്ടികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് തടഞ്ഞത്. ഭൂമിയുമായി ബന്ധപ്പെട്ട് കേസ് നൽകിയ വസന്തക്കെതിരെ നിയമനടപടിയെടുക്കണം, കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി വേണം, കുട്ടികൾക്ക് സർക്കാർ ജോലി നൽകണം, ഇതേ ഭൂമിയിൽ കുട്ടികൾക്ക് വീട് നൽകണം എന്നിവയായിരുന്നു ആവശ്യങ്ങൾ. നെയ്യാറ്റിൻകര ഡിവൈഎസ്പിയും തഹസിൽദാരും ഉൾപ്പെടെയുള്ളവർ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകണമെന്നായിരുന്നു സമരക്കാരുടെ നിലപാട്. പിന്നീട് കളക്ടർ എത്തി ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിൽ നിന്നും നാട്ടുകാർ പിന്മാറിയത്.