റിയാദ്: റിയാദ് ഇലവനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസ്സിയുടെ അനുമതി തേടി ബ്രസീൽ താരം നെയ്മർ. ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് പി.എസ്.ജിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി ലഭിച്ചതിനു തൊട്ടുപിന്നാലെ നെയ്മർ മെസ്സിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. മെസിയുടെ അനുവാദത്തോടെ പെനൽറ്റി കിക്കെടുത്ത നെയ്മറിന് പക്ഷേ പിഴച്ചു.
സൗദി ഗോൾകീപ്പർ മുഹമ്മദ് അലൊവെയ്സ് നെയ്മറിൻ്റെ കിക്ക് സേവ് ചെയ്തു. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ എന്നിവർ ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി റിയാദ് ഇലവനെ 5-4ന് പരാജയപ്പെടുത്തി.
സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവരുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദി അറേബ്യയിലെ അരങ്ങേറ്റ മത്സരത്തിൽ അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി.