പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന് സമീപമിരിക്കുന്ന യുവതിയുടെ ചിത്രം നൊമ്പരമായി മാറുന്നു. വെറും ആറ് ദിവസം മുമ്പ് മാത്രം വിവാഹിതരായവരാണ് യുവതിയും യുവാവും. ഇവരുടെ പേരോ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തന്റെ ഭര്‍ത്താവിന്റെ ജീവന് വേണ്ടി അലമുറയിട്ട് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഏതാനും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
താനും ഭര്‍ത്താവും പാനി പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ സംഘത്തിലെ ഒരാള്‍ തന്റെ ഭര്‍ത്താവിനെ യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വെടിയേറ്റ് കിടക്കുന്ന തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് യുവതി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഹല്‍ഗാമില്‍ നടന്നത് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പൊലീസുകാരുടേയും സൈനികരുടേയും വേഷത്തിലാണ് തീവ്രവാദികള്‍ എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ പ്രദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ട്. പഹല്‍ഗമാമിലെ ബെയ്സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്കരമായ പാതയാണ് ഇവിടേക്കുള്ളത്.
സമീപകാലത്ത് ജമ്മു കാശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്. ആക്രമണം നടന്ന സ്ഥലം ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമാണെന്നാണ് പൊലീസും പ്രദേശവാസികളും പറയുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.
