ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്. മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ ട്രെയിനിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് വെടിവെയ്പ്പില്‍ പരിക്ക് ഏറ്റു. സ്ഫോടനം നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. 13 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബ്രൂക്ക്ലിന്‍ സണ്‍സെറ്റ് പാര്ക്കിന് സമീപത്തെ സ്റ്റേഷനിലാണ് വെടിവയ്പുണ്ടായത്. ഗ്യാസ് മാസ്കും ഓറഞ്ച് നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ധരിച്ച തോക്കുധാരിയാണ് അക്രമിയെന്ന് സംശയിക്കുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
ബ്രൂക്ക്ലിനില് അമേരിക്കന്‍ സമയം രാവിലെ 8.30നായിരുന്നു സംഭവം. പരിക്കേറ്റവരെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നിലിവില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്തേയ്ക്ക് ആരും പോകരുതെന്ന് ന്യൂയോര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്കി. വെടിവയ്പ് നടന്ന മേഖല മുഴുവനായി പോലീസ് വളഞ്ഞിരിക്കുകയാണ്. സണ്‍സെറ്റ് പാര്‍ക്കിലെ 36-ആം സ്ട്രീറ്റ് സ്റ്റേഷനില്‍ പുക ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് വെടിയേറ്റതായി അഗ്നിശമന സേനാംഗങ്ങള്‍ വ്യക്തമാക്കി.
