തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഷോപ്പിംഗ് സെന്ററുകൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോട് അനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹന പരിശോധന കർശനമാക്കും. ആഘോഷ സമയങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം ഉണ്ടാകാനുള്ള സാധ്യതയ്ക്കെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.