
മനാമ: ബഹ്റൈനില്‍ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നല്‍കുന്നത് രേഖപ്പെടുത്താനും അതുവഴി സ്വകാര്യ മേഖലയിലെ കരാര്‍ സ്ഥിരതയെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) നവീകരിച്ച പതിപ്പ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആരംഭിച്ചു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, ബഹ്റൈന്‍ ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് ഫോര്‍ ഫിനാന്‍ഷ്യല്‍ ട്രാന്സാക്ഷന്സ് (ബെനിഫിറ്റ്), സ്വകാര്യ മേഖലയിലെ നിരവധി പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സംവിധാനങ്ങളില്‍ നിക്ഷേപിക്കാതെ തന്നെ വേതന പേയ്മെന്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ സുഗമമാക്കാനും രേഖപ്പെടുത്താനുമാണ് ഡബ്ല്യു.പി.എസ്. നവീകരിച്ചതെന്ന് എല്‍.എം.ആര്.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്തിനെ നേരിടാനുള്ള ദേശീയ കമ്മിറ്റിയുടെ ചെയര്‍മാനുമായ നിബ്രാസ് താലിബ് അറിയിച്ചു.
കമ്പനികളുടെ സാമ്പത്തികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും മെച്ചപ്പെട്ട മാനവ വിഭവശേഷി മാനേജ്മെന്റ് കാര്യക്ഷമതയ്ക്ക് സംഭാവന നല്‍കാനും പ്രവര്‍ത്തന ഭാരം കുറയ്ക്കാനും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. സ്വകാര്യ മേഖലയ്ക്ക് അംഗീകൃത ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇലക്ട്രോണിക് രീതിയില്‍ വേതനം നല്കാന് പ്രാപ്തമാക്കുന്ന സാമ്പത്തിക സൗകര്യങ്ങളും പരിഹാരങ്ങളും നല്‍കുന്നതിന് ബെനിഫിറ്റുമായുള്ള പങ്കാളിത്തത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കും മാനവ വിഭവശേഷി ജീവനക്കാര്‍ക്കും വേണ്ടി അറബിയിലും ഇംഗ്ലീഷിലും പ്രതിമാസ പരിശീലന, ഓറിയന്റേഷന്‍ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതോറിറ്റിയുടെ വെബ്സൈറ്റില്‍ വിശദാംശങ്ങളും ഷെഡ്യൂളുകളും കാണാന്‍ കഴിയും.
കൂടുതല്‍ വിവരങ്ങള്‍ www.lmra.gov.bh എന്ന വെബ്സൈറ്റിലോ 17506055 എന്ന നമ്പറില്‍ എല്‍.എം.ആര്.എ. കോള്‍ സെന്ററിലോ ലഭ്യമാണ്.
