മനാമ : വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെ എയർപോർട്ടിൽ എത്തുന്ന ആളുകൾ പിസിആർ ടെസ്റ്റ് വിധേയമാക്കണമെന്നും അതിൻറെ ചിലവ് വ്യക്തികൾ സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻറെ പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തു നിന്നും വരുന്നവർക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് PCR സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് മാർഗ്ഗനിര്ദേശത്തിലുണ്ട്. അത്തരമൊരു സർട്ടിഫിക്കറ്റുമായി നാട്ടിൽ എയർപോർട്ടിൽ വരുന്നയാൾ സ്വന്തം ചിലവിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന നിയമം അനാവശ്യമാണ്. വിദേശത്തുള്ള മിക്ക എയർപോർറ്റുകളിലും ടെസ്റ്റുകൾ സൗജന്യമായിരിക്കേ ഇവിടെ ചിലവ് സ്വന്തം പൗരന്മാരായ ആളുകൾ വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്. ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.