കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. 65 വയസിനു മുകളില്‍ ഉള്ളവരും 10 വയസിനു താഴെയുള്ളവരും പുറത്ത് ഇറങ്ങരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് വിലക്കില്‍ നിയന്ത്രണമുള്ളതെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് മാര്‍ച്ച് 22 മുതല്‍ 29 വരെ ഇന്ത്യയില്‍ ഇറങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ദിവ്യാംഗര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് അനുവദിച്ചിരുന്ന യാത്രാ ആനുകൂല്ല്യങ്ങള്‍ റെയില്‍വെയും സിവില്‍ ഏവിയേഷനും താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അന്‍പതു ശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഗ്രൂപ്പ്ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അന്‍പത് ശതമാനം പേര് മാത്രം ഇനി ഓഫീസുകളില്‍ ഹാജരായാല്‍ മതി.ബാക്കിയുള്ള അന്‍പത് ശതമാനം പേര് നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.