
മനാമ: ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ദേശീയ പോർട്ടലായ bahrain.bh വഴി ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമ്മീഷൻ ചീഫ് ഡോ. ഐഷ അഹമ്മദ് ഹുസൈൻ അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സേവനത്തിലൂടെ സാധിക്കും. രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഒരു സമഗ്ര ഡാറ്റാബേസ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ഹെൽത്ത് സെന്റർ തിരഞ്ഞെടുക്കാനും, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും തീയതി മാറ്റാനും, മെഡിക്കൽ പരിശോധനയുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും ഫലങ്ങൾ പ്രിന്റ് ചെയ്യുന്നതിനും ഓൺലൈൻ സേവനത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആരോഗ്യ പ്രൊഫഷനുകളും സേവനങ്ങളും നിയന്ത്രിക്കുന്നതിനുള്ള ദേശീയ അതോറിറ്റി എന്നിവയുമായുള്ള മന്ത്രാലയത്തിന്റെ ഏകോപനത്തെ മെഡിക്കൽ മേധാവി പ്രശംസിച്ചു.
