മനാമ: സിറ്റി ബഹ്റൈൻ ഗ്ലോബൽ ടെക്നോളജി ഹബ്ബിന്റെ പുതിയ ഓഫീസുകൾ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മനാമയിൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക മേഖലയെ പിന്തുണയ്ക്കുന്നതിലും ബഹ്റൈനെ ഒരു ആകർഷകമായ ബിസിനസ്, നിക്ഷേപ കേന്ദ്രമായി ഉയർത്തുന്നതിലും സാമ്പത്തിക, ബാങ്കിംഗ് സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇക്കാര്യത്തിൽ, രാജ്യത്തിന്റെ വികസിതവും നൂതനവുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എങ്ങനെയാണ് പ്രാദേശികമായും ആഗോളമായും സാമ്പത്തിക, ബാങ്കിംഗ് സേവന സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ബഹ്റൈനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സാമ്പത്തിക, ബാങ്കിംഗ് സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കിനെയും ഈ മേഖലയിലെ ബഹ്റൈൻ പ്രൊഫഷണലുകളുടെ കഴിവുകളെയും അദ്ദേഹം എടുത്ത് പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ 1,000 പ്രോഗ്രാമിംഗ് ജോലികൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ ലേബർ ഫണ്ടും (തംകീൻ), ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡും (ഇഡിബി) തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് 2021-ൽ സിറ്റി ഗ്ലോബൽ ടെക്നോളജി ഹബ് ആരംഭിച്ചത്.