
മനാമ: ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി തുടക്കം കുറിച്ച പുതിയ ലേബർ രജിസ്ട്രേഷൻ പരിപാടിക്ക് തുടക്കമായി. നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും അടുത്ത വർഷം ഫെബ്രുവരിയിൽ ഔദ്യോഗികമായി റദ്ദാക്കപ്പെടും. ഈ വർഷം നവംബർ 17 മുതൽ മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഫ്ലെക്സി പെർമിറ്റുകളും റദ്ദാക്കാൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ആദ്യ ഘട്ടത്തിൽ ആറു സെന്ററുകൾക്കാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ലൈസൻസ് നൽകിയിരിക്കുന്നത്.
തൊഴിലാളികൾക്ക് നിയമാനുസൃത രേഖകൾ സ്വന്തമാക്കി സുരക്ഷിതമായി രാജ്യത്ത് ജോലിചെയ്യാനുള്ള അവസരമാണ് ലേബർ രജിസ്ട്രേഷൻ സംവിധാനം ഒരുക്കുന്നത്. സ്വകാര്യമേഖലയുമായി സഹകരിച്ച് രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപടികൾ. ബഹ്റൈനിൽ താമസിക്കുന്ന തൊഴിലാളികൾ, അല്ലെങ്കിൽ ഫ്ലെക്സി പെർമിറ്റ് ഉടമകൾ എന്നിവർക്ക് രജിസ്ട്രേഷന് അർഹതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ക്രിമിനൽ കുറ്റങ്ങളുള്ളവരെയും നിലവിലെ പെർമിറ്റിലെ വ്യവസ്ഥകൾ ലംഘിക്കുന്നവരെയും രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ല. സന്ദർശക വിസയുള്ളവർക്കും അർഹതയില്ല.
അപേക്ഷകർ അതോറിറ്റി പ്രഖ്യാപിച്ച അംഗീകൃത രജിസ്ട്രേഷൻ കേന്ദ്രങ്ങൾ വഴി നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ഒപ്പം വെക്കണം. രജിസ്ട്രേഷൻ സെന്റർ എൽ.എം.ആർ.എക്ക് പെർമിറ്റ് അപേക്ഷ സമർപ്പിക്കുകയും എൽ.എം.ആർ.എ അപേക്ഷകൾ പരിശോധിക്കുകയും ചെയ്യും. സൂക്ഷ്മപരിശോധനക്കായി അപേക്ഷ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സിന് (എൻ.പി.ആർ.എ) നൽകും. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിന് എൽ.എം.ആർ.എ അംഗീകരിച്ച പേയ്മെന്റ് സെന്ററിൽ തൊഴിലാളി നിശ്ചിത ഫീസ് അടക്കണം. തുടർന്ന് വർക്ക് പെർമിറ്റ് കാർഡിനായി തൊഴിലാളിക്ക് അപ്പോയിന്റ്മെന്റ് നൽകും. ബയോളജിക്കൽ ഡേറ്റ ശേഖരിക്കുകയും മെഡിക്കൽ പരിശോധനക്കുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുകയും ചെയ്യും. തൊഴിലാളിക്ക് ഒരു സിം കാർഡും ആവശ്യമായ മാർഗനിർദേശങ്ങളും നൽകുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് ക്യൂ.ആർ കോഡ് പതിച്ച വർക്ക് പെർമിറ്റ് കാർഡാണ് ലഭിക്കുന്നത്. ജോലിചെയ്യാൻ അനുവദനീയമായ തൊഴിൽ മേഖലയും മറ്റു വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. നിലവിലെ ഫ്ലക്സി വിസയുടെ കാലാവധി ബാക്കിയുണ്ടെങ്കിൽ ശേഷിക്കുന്ന കാലത്തേക്കുള്ള ഫീസ് അപേക്ഷകന്റെ എൽ.എം.ആർ.എ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.

പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളോടും www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ എൽഎംആർഎ ആഹ്വാനം ചെയ്തു. ലേബർ രജിസ്ട്രേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ടോ എന്നറിയാൻ www.lmra.bh എന്ന വെബ്സൈറ്റിൽ സർവീസസ് എന്ന വിഭാഗത്തിൽ Registered Worker Eligibility എന്ന ലിങ്ക് പരിശോധിക്കാവുന്നതാണ്. അംഗീകൃത ലേബർ രജിസ്ട്രേഷൻ കേന്ദ്രങ്ങളുടെ പട്ടികയും എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് അവരുടെ നമ്പറിൽ നിന്ന് 33150150 എന്ന നമ്പറിലേക്ക് സന്ദേശമയയ്ക്കുകയോ അവരുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 17103103 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യാം.
രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലൈസൻസ് ലഭിച്ച ശേഷം പ്രത്യേക തൊഴിലുകളിൽ ജോലി ചെയ്യാമെന്നും എൽഎംആർഎ അറിയിച്ചു. പെർമിറ്റിന്റെ തരം, തൊഴിലാളിക്ക് പ്രാക്ടീസ് ചെയ്യാൻ അധികാരമുള്ള തൊഴിൽ, പെർമിറ്റിന്റെ സാധുത, ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ, രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ പേര് എന്നിവയുൾപ്പെടെ തൊഴിലാളികളുടെ അപ്ഡേറ്റ് ചെയ്ത ഡാറ്റ ഉൾപ്പെടുന്ന ക്യുആർ കോഡുള്ള വർക്ക് പെർമിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലഭിക്കും.
