ബഹ്റൈനിൽ വൈദ്യുതി, വെള്ളം ബില്ലുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഭോക്തൃ സേവനങ്ങളും ബില്ലിംഗ് സംവിധാനവും ഫെബ്രുവരി ആദ്യം നിലവിൽവരും. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ സമഗ്ര വികസന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി അതോറിറ്റിയിൽ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹ്മദ് മുഹമ്മദ് പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് പുതിയ ബില്ലിങ് സംവിധാനം. ബില്ലുകൾ കൂടുതൽ വ്യക്തമാകുന്ന രീതിയിലായിരിക്കും തയാറാക്കുക. ബില്ലുകളുടെ സുതാര്യതയും കൃത്യതയും ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും. പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ആയിരത്തിലധികം ജീവനക്കാർക്ക് സമഗ്രപരിശീലനം നൽകി.
വൈദ്യുതിയും ജലഗതാഗതവും വിതരണ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കൽ , ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കൽ, വൈദ്യുതി, ജല ശൃംഖലകൾക്കായി പുതിയ നിയന്ത്രണ കേന്ദ്രം ആരംഭിക്കുക, വൈദ്യുതി-ജല മേഖല വികസിതവും കരുത്തുറ്റതുമാണെന്ന് ഉറപ്പു വരുത്തുക തുടങ്ങി നിരവധി വികസന പദ്ധതികൾക്ക് പിന്നാലെയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്.