മനാമ: ദനാ മാളിന്റെ മൾട്ടിപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദാനാ മാളിൽ വരാനിരിക്കുന്ന മൾട്ടിപ്ലെക്സ് ബഹ്റൈന് ഒരു പുതിയ സിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക. ദാന മാളിലെ മൾട്ടിപ്ലക്സ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ദാദാബായ് ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടർ ഹതിം ദാദാബായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാലയും ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തി. ചടങ്ങിൽ അലി ഖലീഫ ജുമാ അൽ നോയ്മി സന്നിഹിതനായിരുന്നു.
10 സ്ക്രീനുകളിൽ 1100 സീറ്റുകളാണ് മൾട്ടിപ്ലക്സിൽ സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടിലെവൽ ബാൽക്കണി ഇരിപ്പിടങ്ങളുള്ള ഏറ്റവും വലിയ തിയറ്ററിൽ 300 സീറ്റുകളുണ്ട്. വി.ഐ.പി തിയറ്ററിൽ 50 പേർക്ക് സിനിമ കാണാൻ സാധിക്കും. കൂടാതെ പൂർണ്ണമായും ചാരിയിരിക്കുന്ന സീറ്റുകളും പ്രത്യേക ലോഞ്ചും ഫുഡ് ആൻഡ് ബിവറേജ് സർവ്വീസും ഇവിടെയുണ്ട്. കുട്ടികളുടെ തിയറ്ററിൽ കളിസ്ഥലവും സ്ലൈഡുകളുമുണ്ടാകും. ഡോൾബി അറ്റ്മോസ് അക്കൗസ്റ്റിക് സംവിധാനത്തിൽ ഏറ്റവും മികച്ച സാങ്കേതികാനുഭവമാണ് ദാനാ മാൾ മൾട്ടിപ്ലക്സ് സമ്മാനിക്കുക.
2022-ന്റെ നാലാം പാദത്തിൽ മൾട്ടിപ്ലക്സ് പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മികച്ച ഗെയിമിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി ആദ്യത്തേതും അത്യാധുനികവുമായ ഇ-സ്പോർട്സ് ഗെയിമിംഗ് ഹബ്ബും മൾട്ടിപ്ലക്സിന്റെ ഭാഗമായുണ്ടാകും.
ജി.സി.സിയിൽതന്നെ ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നൽകുന്നതാണ് മൾട്ടിപ്ലക്സ് എന്ന് ഹാതിം ദാദാബായ് പറഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ സിനിമാപ്രേമികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച വിനോദകേന്ദ്രമായി ദാനാമാൾ മൾട്ടിപ്ലക്സ് മാറുമെന്ന് ജുസെർ രൂപവാല പറഞ്ഞു. അലി ഖലീഫ ജുമാ അൽ നൊയിമി ബിസിനസ്സ് സംരംഭത്തെ പ്രശംസിക്കുകയും പുതിയ സിനിമ ബഹ്റൈനിലെ വിനോദ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നും പറഞ്ഞു.
മൾട്ടിപ്ലെക്സ് രാജ്യത്ത് പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കിയതിന് സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക വികസന ബോർഡിന്റെയും (ഇഡിബി) തംകീനിന്റെയും തുടർച്ചയായ പിന്തുണക്കും ഹതിം ദാദാബായ് നന്ദി പറഞ്ഞു.
