മനാമ: ദനമാളിലെ എപിക്സ് സിനിമാസിൻറെ ഔദ്യോഗിക ഉദ്ഘാടനം ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, ദാദാബായ് ഹോൾഡിംഗ് ചെയർമാൻ അബ്ബാസ് ദാദാബായ്, മാനേജിംഗ് ഡയറക്ടർമാരായ ഖുതുബ് ദാദാബായ്, ഹാതിം ദാദാബായ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സാങ്കേതികവിദ്യകളും ആദ്യത്തെ മൾട്ടി ക്യുസിൻ സിനിമാ ഡൈനിംഗ് അനുഭവവും പോലുള്ള നിരവധി ഓഫറുകളോടെയാണ് ആരംഭിച്ചിരിക്കുന്നത്. 10 മില്യൺ ഡോളർ മുതൽമുടക്കിൽ നിർമ്മിച്ച പുതിയ മൾട്ടിപ്ലക്സ് ജിസിസിയിലെ ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവമാണ് ആസ്വാദകർക്ക് സമ്മാനിക്കുക.
10 സ്ക്രീനുകളും 1125 സീറ്റുകളും ഉള്ള ഈ സിനിമ ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് 3D സറൗണ്ട് സൗണ്ട് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നു. സിനിമാപ്രേമികൾക്ക് എല്ലാ ഭാഷകളിലുമുള്ള ഏറ്റവും പുതിയ സിനിമ റിലീസുകൾ, ആഡംബരപൂർണമായ ഇരിപ്പിട ഓപ്ഷനുകൾ, രുചികരമായ മൾട്ടി-കുസിൻ ഭക്ഷണ-പാനീയ ഓഫറുകൾ എന്നിവ തിരഞ്ഞെടുക്കാം. കൊച്ചുകുട്ടികൾക്കായി എപ്പിക്സ് കിൻഡർ ആസ്വദിക്കാം.
ദാദാബായ് ഹോൾഡിംഗ് അതിവേഗം വളരുന്ന ഇ-ഗെയിമിംഗ് മേഖലയ്ക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിന് മൾട്ടിപ്ലക്സിന്റെ ഭാഗമായി അത്യാധുനിക ഇ-സ്പോർട്സ് ഗെയിമിംഗ് ഹബ്ബും ആരംഭിക്കും.