ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ.ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ഫെബ്രുവരി മുതല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എ.ജെ.ദേശായി. 2011 ലാണ് ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാൻഡിങ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചു.
2013 മുതൽ ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ഭട്ടി 2019ലാണ് കേരള ഹൈക്കോടതിയിൽ നിയമിതനായത്. കഴിഞ്ഞ മേയ് 26നു ചീഫ് ജസ്റ്റിസായി. ആന്ധ്രപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടിയെ നിയമിക്കുന്നതിലൂടെ ആന്ധ്രയ്ക്കു സുപ്രീം കോടതിയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുമെന്ന് കൊളീജിയം വിലയിരുത്തി.