ശബരിമല: സന്നിധാനത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സേവനത്തിനുമായി പോലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ അസിസ്റ്റന്റ് ഇന്‍പെക്ടര്‍ ജനറല്‍ ആര്. ആനന്ദ് ആണ് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍. വയനാട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന് പി. പടന്നയിലാണ് അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍.
ആകെ 265 പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്. ഇതില്‍ 220 പോലീസുകാരും, മൂന്ന് ഡിവൈഎസ്പിമാരും, ഒന്‍പത് സിഐമാരും, 33 എസ്ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ പോലീസ് ബാച്ചിന്റെ സന്നിധാനത്തെ സുരക്ഷാ ചുമതല. സന്നിധാനം നടപന്തലില്‍ നടന്ന ചടങ്ങില്‍ പുതിയതായി ചുമതല ഏറ്റ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്കി.
ഇതിനു പുറമേ, ഇന്റലിജന്‍സ്, ബോംബ് സ്ക്വാഡ്, കമാന്‍ഡോസ്, ക്വിക് റെസ്പോണ്‍സ് ടീം എന്നിങ്ങനെ 300 പോലീസ് ഉദ്യോഗസ്ഥരും ആന്ധ്രാ, തമിഴ്നാട് പോലീസ്, കേന്ദ്ര ദ്രുതകര്‍മ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയ വിഭാഗങ്ങളും സേവനത്തിനുണ്ട്.
