ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് മന്ത്രിമാർ ഉയർത്തിയ വിമർശനം വൻ വിവാദത്തിനു വഴിവച്ചതിനു പിന്നാലെയാണ്, ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പുറത്തുവന്നത്.
മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിർദേശങ്ങൾ നേരത്തെ തന്നെ സർക്കാരിനു മുന്നിലുണ്ടായിരുന്നു. എന്നാൽ സൈനിക ആവശ്യങ്ങൾക്കു കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം അടുത്തിടെയാണ് സർക്കാർ കൈക്കൊണ്ടത്. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു; രാംപൂർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്താവ്
സൈനിക ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ വിമാനത്താവളം വരുന്നതോടെ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തു നിന്നാണ് മിനിക്കോയിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശം ആദ്യം ഉയര്‍ന്നത്. മിനിക്കോയിയിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ ലക്ഷദ്വീപിലെ വിമാനത്താവളം അഗത്തിയിലാണുള്ളത്. എന്നാല്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാത്തരത്തിലുമുള്ള വിമാനങ്ങള്‍ക്ക് അഗത്തിയില്‍ ഇറങ്ങാനാകില്ല. പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം നിലവിലുള്ള വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും നടത്തും. ഇതിലൂടെ ദ്വീപിലെ വിനോദസഞ്ചാര മേഖലയുടെ വികസനവും സാധ്യമാകുമെന്നാണ് വിലയിരുത്തൽ.