ആംസ്റ്റർഡാം: രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നെതര്ലാഡ്സ് സര്‍ക്കാര്‍. ജനുവരി 1 വരെയാണ്. വിലക്ക്. ഡച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്വയോണ്മെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രൂപാന്തരം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം മുമ്പ് ബ്രിട്ടണില്‍ കണ്ടെത്തിയിരുന്നു. സമാനമായ വൈറസിന്റെ സാന്നിദ്ധ്യം ഡിസംബര്‍ ആദ്യം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നെതര്ലാന്ഡിസിലും കണ്ടെത്തുകയുണ്ടായി.
എന്നാല്‍ രോഗബാധയുടെ ഉറവിടം സംബന്ധിച്ച വ്യക്തതിയില്ല. പുതിയ വൈറസിന്റെ ഉറവിടം എവിടെയാണന്നുള്ള പരിശോധനയും നടന്നു വരുന്നു. അതേസമയം രൂപാന്തരം സംഭവിച്ച പുതിയ വൈറസിന് 70 ശതമാനം വരെ പകര്‍ച്ചവ്യാധി സാധ്യതയുണ്ടെന്നും എന്നാല്‍ രൂപാന്തരം സംഭവിക്കുന്ന വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമല്ല എന്നതിന് തെളിവുളൊന്നുമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അഭിപ്രായപ്പെട്ടു.രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ലണ്ടന്‍, തെക്ക്, കിഴക്കന്‍ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും ഞായറാഴ്ച മുതല്‍ ബ്രിട്ടന് പുതിയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.