കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. നുവക്കോട്ട് ജില്ലയിലെ ശിവപുരി മേഖലയിലായിരുന്നു അപകടം. നാല് ചൈനീസ് പൗരന്മാരും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ അരുണ്‍ മല്ലയുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നും സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 1.54-നായിരുന്നു ഹെലികോപ്ടര്‍ യാത്ര പുറപ്പെട്ടത്. പറന്ന് ഉയര്‍ന്ന് അധികം വൈകാതെ 1.57-ഓടെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
എയര്‍ ഡൈനാസ്റ്റി കമ്പനിയുടെ ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഒരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേപ്പാളില്‍ ശൗര്യ എയര്‍ലൈന്‍സിന്റെ ചെറുവിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍നിന്നു പൊങ്ങി താഴ്ചയിലേക്കുവീണ് 18 പേര് മരിച്ച സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു വ്യോമാപകടമുണ്ടായിരിക്കുന്നത്.