വിഴിഞ്ഞം: പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു കൊല്ലപ്പെട്ടത് തന്റെ അമ്മയായിരുന്നുവെന്ന് മകനായ സനൽകുമാർ അറിയുന്നത്. അമ്മയെ കാണാത്തത്തിനെ തുടർന്ന് സുഹൃത്തിനോടു വീട്ടിലെത്തി അന്വേഷിക്കാനായി സനൽകുമാർ പറഞ്ഞയച്ചിരുന്നു. സുഹൃത്ത് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കളഭാഗത്ത് ഫോൺ ബെല്ലടിക്കുന്നതു കേട്ടിരുന്നു. എന്നാൽ ആളില്ലാത്തതും ശ്രദ്ധയിൽപ്പെട്ടു.
പന്തികേട് തോന്നിയതിനെ തുടർന്ന് സുഹൃത്ത് സനൽകുമാറിനെ വിവരമറിയിച്ചു. ഉടൻതന്നെ സ്ഥലത്തെത്തി. ഈ സമയത്താണ് സമീപത്തെ വീട്ടിന്റെ തട്ടിനു മുകളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് വാർത്ത പരന്നത്. ആ വീട്ടിലുള്ളവരെ കാണാനില്ലെന്നുമായിരുന്നു പോലീസും പറഞ്ഞത്. സമീപവാസിയായ റഫീക്ക കൊല്ലപ്പെട്ടുവെന്നാണ് ആദ്യം കേട്ടത്. ഈ സമയത്ത് തന്റെ അമ്മ ശാന്തകുമാരിയെ കാണാനില്ലെന്ന് സനൽകുമാർ പോലീസിനോട് പറഞ്ഞു.
ആകെ കുഴപ്പത്തിലായ പോലീസ് ഇതോടെ അന്വേഷണം തുടങ്ങി. റഫീക്കയല്ല മരിച്ചതെന്ന് ഉറപ്പായതോടെ രക്ഷപ്പെട്ട റഫീക്ക ഉൾപ്പെട്ട പ്രതികളെ അന്വേഷിച്ചിറങ്ങി. രണ്ട് മണിക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ റഫീക്കയും മകനും സുഹൃത്തും പിടിയിലായതോടെയാണ് മരിച്ചത് ശാന്തകുമാരിയെന്ന് പോലീസ് തീർച്ചപ്പെടുത്തിയത്.
വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്. വിഴിഞ്ഞം മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരി(71) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശിനി റഫീക്കാ ബീവി(50), ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ(26), റഫീക്കയുടെ മകൻ ഷഫീക്ക്(23) എന്നിവരെ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുനിന്ന് വിഴിഞ്ഞം പോലീസ് പിടികൂടിയിരുന്നു. മൂന്നുപേരുടെയും അറസ്റ്റ് ശനിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുകയും ചെയ്തു. ഇവരിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
രക്ഷപ്പെട്ട പ്രതികളെ പോലീസ് പിടികൂടിയത് ഒരു മണിക്കൂറിനുള്ളിൽ
വിഴിഞ്ഞം: വയോധിക തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ വിഴിഞ്ഞം പോലീസ് നടത്തിയ സമയോചിത ഇടപെടലിൽ ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ സാധിച്ചു. സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻകുമാറിന്റെ നിർദേശത്തെ തുടർന്ന് വിഴിഞ്ഞം പോലീസിനൊപ്പം നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും സൈബർ സെല്ലിലെ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് വാടകവീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം രക്തം വാർന്ന നിലയിൽ കണ്ടെത്തിയെന്ന വിവരം വിഴിഞ്ഞം പോലീസിന് ലഭിക്കുന്നത്. സ്ഥലത്തെത്തിയ പോലീസിന് ആളെ തിരിച്ചറിയാൻ ആദ്യം കഴിഞ്ഞിരുന്നില്ല.വാടകവീട്ടിലുണ്ടായിരുന്നതും ഇപ്പോൾ പോലീസ് അറസ്റ്റുചെയ്തതുമായ റഫീക്കയാണ് കൊല്ലപ്പെട്ടതെന്ന് പോലീസിന് ആദ്യം ലഭിച്ച വിവരം.
ഈ വീട്ടിലുണ്ടായിരുന്ന റഫീക്കയുടെ സുഹൃത്ത് അൽഅമീൻ, മകൻ ഷഫീക്ക് എന്നിവരെ കാണാതായതോടെയാണ് പോലീസ് ആദ്യം ഈ നിഗമനത്തിലെത്തിയത്. തുടർന്ന് പ്രതികളിലൊരാളായ അൽഅമീന്റെ മൊബൈൽ ഫോണിൽ നിന്ന് വീട്ടുടമയുടെ മകന്റെ ഫോണിലെത്തിയ കോളാണ് വഴിത്തിരിവായത്. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
ബസിൽ കയറി രക്ഷപ്പെട്ട പ്രതികളെ കഴക്കൂട്ടത്ത് നിന്നുമാണ് അറസ്റ്റുചെയ്തത്. ഫോർട്ട് അസി. കമ്മിഷണർ എസ്.ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, അജിത്കുമാർ, സി.പി.ഒ.മാരായ അജയകുമാർ, സെൽവരാജ്, രാമു, കൃഷ്ണകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
