പാലക്കാട് : ദമ്ബതിമാര്‍ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു. എറണാകുളം ഇളമക്കര അറക്കല്‍ വീട്ടില്‍ ഇമ്മാനുവല്‍ (25), ഇയാളുടെ പെണ്‍സുഹൃത്ത് കൊല്ലം റെയില്‍വേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോര്‍ഡ്സ് അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാല്‍ പവന്റെ മാല കവര്‍ന്ന കേസിലാണ് ഇവര്‍ വലയിലായത്. ജില്ലയില്‍ ബൈക്കിലെത്തി മാലമോഷ്ടിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെട്ട ആദ്യകേസാണിതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം. ക്ഷേത്രത്തില്‍ പോയി മടങ്ങുന്നതിനിടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ടത്. സന്ധ്യയ്ക്കാണ് സംഭവം നടന്നതെന്നതിനാല്‍ പ്രതികളെക്കുറിച്ച് കാര്യമായ സൂചനയൊന്നും പോലീസിനോട് പറയാനായില്ല. ഇരുട്ടായതിനാല്‍, സമീപത്തെ കടകളില്‍നിന്നും വീടുകളില്‍നിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. എന്നാല്‍, ഒരുദൃശ്യത്തില്‍ ഈമേഖലയില്‍ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്കൂട്ടര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
200-ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചത് ടൗണിലെ പ്രധാന നിരീക്ഷണ ക്യാമറകളിലൊന്നും സംഘത്തിന്റെ ദൃശ്യങ്ങള്‍ പെടാത്തത് അന്വേഷണം കൂടുതല്‍ ദുഷ്കരമാക്കി. ഇതോടെ, കവര്‍ച്ച നടന്നതിനുമുമ്ബുള്ള പകല്‍സമയ ദൃശ്യങ്ങള്‍ക്കായി പോലീസ് ശ്രമമാരംഭിച്ചു. വീടുകളില്‍നിന്നടക്കം 200-ഓളം ദൃശ്യങ്ങള്‍ ശേഖരിച്ചു. കവര്‍ച്ച നടത്തിയവര്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടവഴികളിലൂടെമാത്രം സഞ്ചരിച്ചാണ് കല്പാത്തിയിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയില്‍നിന്നും വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിച്ചു.മുഖ്യസൂത്രധാരനെന്ന് കരുതുന്ന മകൻ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഒരു സുഹൃത്ത് വഴിയാണ് വിഷ്ണു, ഫാത്തിമയെയും ഇമ്മാനുവലിനെയും പരിചയപ്പെടുന്നതും കവര്‍ച്ചയ്ക്കായി പാലക്കാട്ട് എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ഫാത്തിമയും ഇമ്മാനുവലും പിടിയിലായി.