കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ ഉജ്ജ്വല വിജയം തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബിജെപി നേടിയ ഉജ്ജ്വല വിജയം ഇടത്-വലത് മുന്നണികൾക്കുള്ള താക്കീതാണ്. കേരളം മുഴുവൻ എൻഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സർക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ എൻഡിഎക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയിൽ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചത് വനവാസി വിഭാഗങ്ങൾ നരേന്ദ്രമോദിക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ നീർവേലിയിൽ സിപിഎം-കോൺഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകർത്താണ് എൻഡിഎ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെ-റെയിൽ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയിൽ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയായത് കൊണ്ടാണ് സർക്കാരിന് കുറ്റിയടി നിർത്തേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോൾ ട്വന്റി ട്വന്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സർക്കാർ വേട്ടയാടിയപ്പോൾ സർക്കാരിനേക്കാൾ വലിയ ആവേശം കാണിച്ചത് വിഡി സതീശനും യുഡിഎഫുമായിരുന്നു.രണ്ട് മുന്നണികളും നിലപാടിൽ നിന്നും പിന്നോട്ട് പോയി. കേരളത്തിൽ നിന്നും പിണറായി വിജയൻ കിറ്റക്സിനെ ആട്ടിയോടിച്ചപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വന്റിട്വന്റിയുടെ പ്രവർത്തകനെ കിഴക്കമ്പലത്ത് സിപിഎമ്മുകാർ കൊല ചെയ്തപ്പോൾ ബിജെപി മാത്രമാണ് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൂത്ത് തലം മുതൽ ബിജെപി നടത്തിയ പുനഃസംഘടനയും നരേന്ദ്രമോദി സർക്കാരിന്റെ വികസനപ്രവർത്തനവുമാണ് ഉപതിരഞ്ഞെടുപ്പിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവർത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.