തിരുവനന്തപുരം: ഏറെ നാൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനമൊഴിഞ്ഞ് പകരം തോമസ് കെ. തോമസ് മന്ത്രിയാകാൻ ധാരണയായി.
ഒരാഴ്ചയ്ക്കകം എൻ.സി.പി. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നറിയുന്നു. മുംബൈയില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനമൊഴിയാന്‍ എ.കെ.ശശീന്ദ്രന് സന്നദ്ധത അറിയിച്ചു.
പാർട്ടിയുടെ ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും തോമസ് കെ. തോമസിനെയാണ് പിന്തുണയ്ക്കുന്നത്. ശശീന്ദ്രന് രാജിവെക്കുമെന്ന കാര്യം എന്‍.സി.പി. നേതാക്കള്‍ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അറിയിക്കും. അതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
മന്ത്രിസ്ഥാനം ഒഴിയുന്നതിനു പകരം തനിക്ക് പാര്‍ട്ടിയില്‍ അര്‍ഹതപ്പെട്ട സ്ഥാനം നല്‍കണമെന്ന ശശീന്ദ്രന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന അധ്യക്ഷപദവിയോ ദേശീയതലത്തില്‍ ഏതെങ്കിലും ഉന്നത പദവിയോ നൽകിയേക്കും.
