കൊച്ചി : എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകാൻ എൻസിപി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസന മുദ്രയായിരിക്കും സിൽവർ ലൈനെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കനുകൂലമായി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. രാവിലെ ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന നേതൃയോഗം പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച നടത്തി. മുഖ്യമന്ത്രിക്കും സർക്കാരിനും ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ നൽകുന്ന പ്രമേയവും യോഗം പാസാക്കി. പദ്ധതിയുടെ അനുമതി വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഈ മാസം 25 ന് ജില്ലാ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്കു മുൻപിൽ ധർണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
എൻ സി പി യിൽ ഭിന്നതയേറുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത യോഗം തള്ളിക്കളഞ്ഞു. ദുരുദ്ദേശപരമാണ് ഇത്തരം വാർത്തകൾ . സംസ്ഥാന പ്രസിഡന്റിന്റെ നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന പ്രമേയം യോഗത്തിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി പാസാക്കി.
മണ്ഡലം തല കമ്മിറ്റികളുടെ രൂപീകരണം ഈ മാസം 30 നകം പൂർത്തീകരിക്കും. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാപര്യടന പരിപാടി ഈ മാസം 11 ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 18 ന് കാസർകോഡ് സമാപിക്കും. അടുത്ത അറുമാസത്തേക്കുള്ള പാർട്ടിയുടെ പ്രവർത്തന പരിപാടികൾക്കും യോഗം അംഗീകാരം നൽകി. ദ്വിദിന ജില്ലാ നേതൃ ക്യാമ്പുകൾ ഈ മാസവും അടുത്ത മാസവുമായി നടക്കും. പാർട്ടി അംഗത്വ വിതരണം ഏപ്രിൽ മാസത്തിൽ പൂർത്തിയാവും. മെയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പു നടക്കും.
ദേശീയ നിർവ്വാഹക സമിതിയംഗവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ , പാർലമെന്ററി പാർട്ടി നേതാവ് തോമസ് കെ തോമസ് എം എൽ എ, വൈസ് പ്രസിഡന്റുമാരായ പിഎം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതികാ സുഭാഷ് വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ വർക്കല രവികുമാർ , റെജി ചെറിയാൻ തുടങ്ങിയവർ മുഴുവൻ സമയവും യോഗത്തിൽ പങ്കെടുത്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.ആർ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കെൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി കെ രാജൻ മാസ്റ്റർക്കും വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സനായി നിയമിതയായ ലതികാ സുഭാഷിനും യോഗം സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ജി രവീന്ദ്രൻ , സുഭാഷ് പുഞ്ചക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം സുരേഷ് ബാബുവാണ് എൻസിപിയുടെ വികസന കാഴ്ചപ്പാട് പങ്കുവെക്കുന്ന സിൽവർ ലൈൻ പിന്തുണാ പ്രമേയം അവതരിപ്പിച്ചത്.