മനാമ: ബഹ്റൈനിൽ വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നവംബറിൽ 155 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി നാഷനൽ ബ്യൂറോ ഓഫ് റവന്യൂ (എൻ.ബി.ആർ) അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വാറ്റ് തട്ടിപ്പ് നടക്കുന്നുണ്ടോയെന്നന്ന് നിരീക്ഷിക്കുന്നതിനുമാണ് മുഖ്യമായും പരിശോധന നടന്നത്. ഡിജിറ്റൽ സ്റ്റാമ്പ് സിസ്റ്റം നടപ്പാക്കിയതിനുശേഷം വിവിധ സ്ഥാപനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നെന്നതും ഉറപ്പാക്കാൻ പരിശോധനകളിലൂടെ സാധിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു. വാറ്റ് നിയമം, ഡിജിറ്റൽ സ്റ്റാമ്പിങ് നിയമം എന്നിവ ലംഘിച്ച 13 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥാപനങ്ങൾ താൽക്കാലികമായി പൂട്ടിയിടാനും ഉത്തരവ് നൽകിയിട്ടുണ്ട്.
കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ വാറ്റ് നിയമം അനുസരിച്ച് അഞ്ചു വർഷത്തെ തടവും അടയ്ക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിക്കും. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. എല്ലാ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും അവരുടെ വാർഷിക സപ്ലൈകൾ 37,500 ദീനാർ എന്ന പരിധിയിലധികമായാൽ വാറ്റ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണമെന്ന് എൻബിആർ വ്യക്തമാക്കി.