
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. സംസ്ഥാന സെക്രട്ടറിയടക്കം എ.ഐക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിക്കുന്ന ഇ.കെ നായനാരുടെ എ.ഐ. വീഡിയോ സിപിഎം പുറത്തിറക്കിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാർ സംസാരിക്കുന്നത്. ‘സഖാക്കളെ, നൂറുകൊല്ലം കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവരെല്ലാം പറഞ്ഞത്. അന്നിട്ടെന്താ, ഞാൻ മുഖ്യമന്ത്രിയായില്ലേ… വി.എസ്. ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേടോ.. എന്തുക്കൊണ്ടാണ് അത്. ജനത്തിന് വേണ്ടത് നമ്മളാടോ.. ഈ രാജ്യത്ത് ആദ്യം കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തത് ആരാ? കോൺഗ്രസുകാരാ… ബിജെപിക്കാരാ… അവരൊന്നുമല്ല.. നമ്മളാ… നാടിന് വികസനം വേണ്ടേ.. ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം.. അതിന് നമ്മളുടെ പാർട്ടി ശക്തിപ്പെടുത്തണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങളെല്ലാം നമ്മളോടൊപ്പം നിൽക്കും’. എഐ വീഡിയോയിൽ പറയുന്നു.
പാർട്ടി കോൺഗ്രസിന്റെ കരടുനയത്തിൽ എഐക്കതിരായ നിലപാട് സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. അറുപത് ശതമാനം മനുഷ്യന്റെ അധ്വാന ശേഷിയെ പൂർണമായി എ.ഐ. ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് എംവി ഗോവിന്ദൻ മുമ്പ് പറഞ്ഞിരുന്നു. എഐക്കതിരെ കടുത്ത നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചുവന്നിരുന്നത്. ഇപ്പോൾ ഇതിനൊക്കെ ഘടകവിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. വിഷയത്തിൽ പാർട്ടി തലത്തിൽ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
