മനാമ: ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് അരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 24 വരെ നീണ്ട് നിൽക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാരംഭ ദിവസം പ്രശസ്ത എഴുത്തുക്കാരനും കവിയുമായ വയലാർ ശരത് ചന്ദ്രവർമ്മ കുട്ടികൾക്ക് ആദ്യക്ഷാരം കുറിക്കും. അതോടൊപ്പം പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഗുരുവിന്റെ കൈ പിടിച്ചു ഹരിശ്രീ എഴുതാനും സാധിക്കും. നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
ഒക്ടോബർ 23ന് വൈകുന്നേരം 7.30 മുതൽ അദാരി പാർക്കിലെ സീസൺ ഹാളിൽ വെച്ച് വയലാർ രാമവർമ്മയുടെ ഗാനങ്ങളെ കോർത്തിണക്കി ഈ മനോഹര തീരത്ത് എന്ന പരിപാടിയും അരങ്ങേറും. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനസൗകര്യവും ഏർപ്പാട് ചെയ്തിട്ടുണ്ട്. വിജയദശമി നാളിൽ എസ്എൻസിഎസിൽ വെച്ച് നടക്കുന്ന സംസ്കാരിക പരിപാടിയിൽ വയലാർ ശരത് ചന്ദ്രവർമ്മ മലയാളം പാഠശാല വിദ്യാർത്ഥികളുമായി സംവദിക്കും.
വാർത്താസമ്മേളനത്തിൽ എസ്. എൻ. സി. എസ് ചെയർമാൻ സുനീഷ് സുശീലൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രസാദ് വാസു, പ്രോഗ്രാം ഡയറക്ടർ സുരേഷ് കരുണാകരൻ, കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ. ഡി, സ്പോർട്സ് സെക്രട്ടറി അനിയൻ നാണു, നവരാത്രിമഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ ബിജു പി സി എന്നിവർ പങ്കെടുത്തു
കൂടുതൽ വിവരങ്ങൾക്ക് ബിജു. പി. സി (37134323) ജയേഷ്. വി. കെ (39322860) എന്നിവരുമായി ബന്ധപ്പെടാമെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.