തിരുവനന്തപുരം: എംപ്ലോയീസ് പെന്ഷന് സ്കീം പെന്‍ഷനേഴ്സിന്റെ ദയനീയ സ്ഥിതി പരിഹരിക്കുന്നതിലേക്ക് രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇ പി എഫ് പെന്‍ഷനേഴ്സ് അസോസിയേഷനോടൊപ്പം സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ് എന്നിങ്ങനെ വിവിധ ട്രേഡ് യൂണിയന് സംഘടനകളും ബെഫി, സ്പാറ്റൊ, എഫ് സെറ്റോ തുടങ്ങിയ സര്‍വ്വീസ് സംഘടനകളും മുന്നേറ്റത്തിന്റെ ഭാഗമാകുന്നു.
പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് കൊണ്ട് തിരുവനന്തപുരത്ത് ബെഫി ഹാളില്‍ നടന്ന കണ്വന്ഷന് സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ശ്രീ. എ. കെ. പത്മനാഭന് ഉത്ഘാടനം ചെയ്തു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയുടെ ഭാഗമായി 1971 ല്‍ നിലവില്‍ വന്ന ഫാമിലി പെന്ഷന് പദ്ധതിക്ക് പകരമായാണ് 1995 ല്‍ എംപ്ലോയീസ് പെന്ഷന് പദ്ധതി ആരംഭിക്കുന്നത്. രാജ്യവ്യാപകമായി നടന്ന നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളുടെയും, ഇന്ത്യ ഒപ്പു വെച്ച നിരവധി അന്താരാഷ്ട്ര ലേബര്‍ ട്രീറ്റികളുടെയും ഫലമായാണ് ഈ പദ്ധതിയുള്‍പ്പടെയുള്ള പല സാമൂഹ്യ സുരക്ഷാ പദ്ധതികളും അന്‍പതുകളിലും അറുപതുകളിലും രാജ്യത്ത് നടപ്പാക്കിയത്. എന്നാല്‍ അത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഇന്ന് ഭരണകൂടം ഒഴിഞ്ഞുമാറുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് 2014 ല്‍ എംപ്ലോയീസ് പ്രോവിഡന്റ് പദ്ധതിയിലും പെന്ഷന് പദ്ധതിയിലും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍. ഈ ഭേദഗതികള്‍ തള്ളിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാറിന്റെ അപ്പീല്‍ സുപ്രീം കോടതി മൂന്നംഗ ഡിവിഷന് ബെഞ്ചിന് വിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ നിയമപോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുന്നതിനും രാജ്യ വ്യാപക ശ്രദ്ധ ക്ഷണിക്കുന്നതിനും വിവിധ ട്രേഡ് യൂണിയനുകളും സര്‍വ്വീസ് സംഘടനകളും ഈ പോരാട്ടം ഏറ്റെടുത്തതിലൂടെ സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നതായി ശ്രീ. എ. കെ. പത്മനാഭന് തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
2014 ലെ പദ്ധതി ഭേദഗതി പിന്‍വലിക്കുക, കേരള ഹൈക്കോടതി വിധിക്കെതിരെയുള്ള കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കുക, പി എഫ് പെന്ഷന് ഡി എ ഏര്‍പ്പെടുത്തുക, 15000 രൂപയ്ക്ക് മേല്‍ ശമ്പളമുള്ളവര്‍ക്കും പി എഫ്, പെന്ഷന് പദ്ധതി അംഗത്വ അവകാശം പുനഃസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് കണ്വന്ഷന് പ്രഖ്യാപിച്ചു. നവം 16 ന് ഇ പി എഫ് പെന്ഷന് ദിനത്തോടനുബന്ധിച്ച് തിരുവന്തപുരത്തുള്ള പി എഫ് ഓഫീസിന് മുന്നില്‍ വിവിധ സര്‍വ്വീസ് സംഘടനകളുമായി ചേര്‍ന്ന് ധര്‍ണ്ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇതൊടനുബന്ധിച്ച് ദേശീയ തലത്തില്‍ സെമിനാറുകളും കണ്‍വന്‍ഷനുകളും മറ്റു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനും യോഗം തീരുമാനിച്ചു.
ഇ പി എഫ് പെന്‍ഷനേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ. മോഹനന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ശ്രീ. കെ. എന്‍. ഹരിലാല്‍ വിഷയം അവതരിപ്പിച്ചു. ശ്രീ. വി. ജെ. ജോസഫ് ( സംസ്ഥാന ജനറല്‍ സെക്രട്ടറി, ഐ എന്‍ ടി യു സി), ശ്രീ. എം. ധര്മ്മജന് ( പി എഫ് പെന്ഷന് സംഘടനകളുടെ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍), ശ്രീ. എം. ഇ. അജിത് കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍ ജി ഒ യൂണിയന്), ശ്രീ. ആനക്കൈ ബാലകൃഷ്ണന് (സംസ്ഥാന ജനറല്‍ സെക്രട്ടറി, സ്പാറ്റൊ) എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡോ. കെ. ഗോപകുമാര്‍ (സ്പാറ്റൊ മുന്‍ ജനറല്‍ സെക്രട്ടറി) സ്വാഗതവും ശ്രീ രമേശന് (ബെഫി) നന്ദിയും രേഖപ്പെടുത്തി.